KERALA NEWS TODAY – കണ്ണൂര്‍ : കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പഠിപ്പിക്കാനും കേരള പോലീസിന്റെ ‘ഡി-ഡാഡ്’. സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റാണ് സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്നത്.
കുട്ടികളിലെ അമിതമായ മൊബൈല്‍ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീലസൈറ്റുകള്‍ സന്ദര്‍ശിക്കല്‍, സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടുന്നത് തുടങ്ങിയവ കൗണ്‍സലിങ്ങിലൂടെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് ആദ്യം സെന്ററുകള്‍ തുടങ്ങുന്നത്.
ഡിജിറ്റല്‍ ആസക്തിയുള്ള 18 വയസ്സുവരെയുള്ളവര്‍ക്ക് ഇതിന്റെ ഭാഗമായി സൗജന്യ കൗണ്‍സലിങ് നല്‍കും. രക്ഷിതാക്കള്‍ക്ക് കുട്ടികളുമായി നേരിട്ടെത്തി പ്രശ്നപരിഹാരം തേടാം.
സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തിയും കൗണ്‍സലിങ് നല്‍കും.
സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം തിരിച്ചറിയുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കും. ഇതിനായി ഡി-സേഫ് എന്ന ഡിജിറ്റല്‍ ടൂള്‍കിറ്റും ഒരുക്കി.
കൗണ്‍സലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളാണെങ്കില്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടും. കൗണ്‍സലിങ്ങിനായെത്തുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.
എല്ലാ ഡി-ഡാഡ് സെന്ററുകളിലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരും പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുമുണ്ടാകും. ഇതിനുപുറമേ ഒരു പോലീസ് കോ-ഓര്‍ഡിനേറ്ററുമുണ്ടാകും. എ.എസ്.പി.മാര്‍ക്കാണ് ജില്ലകളില്‍ പദ്ധതിയുടെ ചുമതല. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ അഞ്ചുവരെ സെന്ററിലൂടെ സേവനം ലഭിക്കും.
അഞ്ചുലക്ഷം രൂപ വീതം ചെലവഴിച്ചാണ് സെന്ററുകളില്‍ സൗകര്യമൊരുക്കിയത്. പോലീസിന്റെ ‘ചിരി’ പദ്ധതിയുടെ ഹെല്‍പ്പ്ലൈന്‍ നമ്പറാണ് ഇതിനും ഉപയോഗിക്കുന്നത്.
കോവിഡ് ലോക്ഡൗണ്‍ കാലത്തിനുശേഷം കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിച്ചതോടെയാണ് പോലീസ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഫെബ്രുവരിയില്‍ ഡി-ഡാഡ് സെന്ററുകളുടെ ഉദ്ഘാടനം നടക്കും. സുരക്ഷിതമായ ഉപയോഗത്തിലൂടെ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍നിന്നും ചതിക്കുഴികളില്‍നിന്നും കുട്ടികളെ രക്ഷിക്കാനും ഡിജിറ്റല്‍ ആസക്തിയില്‍നിന്ന് വിമുക്തരാക്കി പഠനത്തിലേക്ക് ശ്രദ്ധതിരിച്ചുവിടാനും ഇതിലൂടെ കഴിയും.