Verification: ce991c98f858ff30

2 വിദ്യാര്‍ഥികളുടെ ജീവനെടുത്ത അപകടം; ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം

KOLLAM NEWS – കൊല്ലം: ചടയമംഗലത്ത് രണ്ടു വിദ്യാര്‍ഥികളുടെ ജീവനെടുത്ത കെഎസ്ആര്‍ടിസി ബസ് ‍ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യവുമായി വിദ്യാര്‍ഥികളുടെ കുടുംബം.
അപകടം നടന്ന് ഒരുമാസമായിട്ടും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയില്ല. പൊലീസ് അന്വേഷണവും വൈകുകയാണ്.

ചടയമംഗലം പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ലെന്നാണ് മരിച്ച വിദ്യാർഥികളുടെ കുടുംബം പറയുന്നത്. പൊലീസ് ബസ് യാത്രക്കാരുടെ മൊഴി എടുക്കുകയോ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്തിട്ടില്ല.
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു.

ബസ് വിദ്യാർഥികളെ ഇടിച്ചിട്ട ശേഷം അവരുടെ ദേഹത്തു കൂടി കയറി ഇറങ്ങി നിർത്താതെ പോയിരുന്നു.
പിന്നീട് ബസ്സിലുള്ളവർ ബഹളം വച്ചപ്പോഴാണ് വാഹനം നിർത്തിയത്. ഇത്തരത്തിൽ ഒരു നടപടി ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ലഹരി ഉപയോഗിച്ചതിനാലാണെന്നാണ് ബന്ധുക്കളുടെ പക്ഷം.
കഴിഞ്ഞമാസം 28 നാണ് ചടയമംഗലം നെട്ടേത്തറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് പുനലൂര്‍ സ്വദേശികളായ ശിഖയുടെയും അഭിജിത്തിന്റെയും ജീവനെടുത്തത്. ചടയമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് ഇവരെ ഇടിച്ചിട്ടത്.
കിളിമാനൂര്‍ വിദ്യ എന്‍ജിനീയറിങ് കോളജിൽ രണ്ടാം വർഷ ബിടെക് വിദ്യാർഥിനിയായ ശിഖയെ കൊണ്ടുവിടാനായി പോകുമ്പോഴായിരുന്നു അപകടം. അഭിജിത്ത് പത്തനംതിട്ടയിലെ സ്വകാര്യ കോളജ് വിദ്യാർഥിയായിരുന്നു.

Leave A Reply

Your email address will not be published.