മധ്യപ്രദേശിലെ ഗുണയിൽ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങൾ മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗുണയിലെ ഖടോലി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഖടോലിയിലെ റേഷൻ കടയ്ക്ക് പിന്നിലായാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി ബാഗ് പരിശോധിച്ചു. തിരിച്ചറിയാത്ത സ്ത്രീയുടെ മൃതദേഹ ഭാഗങ്ങളായിരുന്നു ബാഗിനുള്ളിലുണ്ടായിരുന്നത്. മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത് കൊലപാതകം നടന്ന് ഏറെ നേരം കഴിഞ്ഞ ശേഷമല്ലെന്നാണ് ചഞ്ചോട സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് ദിവ്യ രജാവത്ത് മാധ്യമങ്ങളോട് വിശദമാക്കിയത്. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമാണ് സംഭവിച്ചതിലേക്കുള്ള ,സൂചന ലഭ്യമാകൂവെന്നാണ് പൊലീസ് പ്രതികരണം. മേഖലയിലെ സിസിടിവികൾ പൊലീസ് പരിശോധന ആരംഭിച്ചതായും പൊലീസ് വിശദമാക്കി.