Kerala News Today-തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സമ്മേളനത്തിൻ്റെ പോസ്റ്ററില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി.
ബേനസീറിന് ഒമ്പതു സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ്റെ പ്രതികരണം.
സിംപിൾ ലോജിക്, ഇന്ത്യയ്‌ക്കൊരു കുത്തും തീവ്രവാദികളുടെ വോട്ടും എന്നാണ് കെ സുരേന്ദ്രന്‍ ചിത്രം പങ്ക് വച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയും ഫേസ് ബുക്ക് കുറിപ്പിലൂടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളന പോസ്റ്ററിനെതിരെ രംഗത്ത് വന്നിരുന്നു.
കിട്ടിയ എല്ലാ അവസരത്തിലും ഈ രാഷ്ട്രത്തെ ഇല്ലാതാക്കാൻ ശ്രമിച്ച അയൽ നേതാവിനെ ആരാധിക്കുന്നവർ ചാരന്മാരാണെന്ന്, ശത്രു തന്നെയാണെന്ന് നാം തിരിച്ചറിയണം.
സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിന്മുറക്കാർ ഇങ്ങനെ അല്ലാതെ പെരുമാറും എന്ന് വിശ്വസിക്കാനും പറ്റില്ല. അതു കൊണ്ട് നാം കരുതിയിരിക്കുക.
ഏത് നിമിഷവും ഇവർ നമ്മെ ഒറ്റു കൊടുക്കാം. പാകിസ്ഥാനോ ചൈനയോ അല്ല നമ്മുടെ യഥാർത്ഥ ശത്രുക്കൾ. ഈ രാജ്യത്തിൻ്റെ ഉപ്പും ചോറും തിന്ന് നമുക്കിടയിൽ ജീവിക്കുന്ന സഖാക്കന്മാർ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
Kerala News Today Highlight – BJP against Democratic Women’s Association poster.