പെരിയ ഇരട്ട കൊലപാതക കേസിൽ കോടതിവിധിക്ക് പിന്നാലെ അപ്പീൽ നൽകാൻ ഒരുങ്ങി കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം. കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ് തീരുമാനം. കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾക്ക് മേൽ ഗൂഢാലോചന കുറ്റം തെളിയാത്തത് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
കേസിൽ സിപിഐഎം നേതാക്കളെ കുടുക്കിയതാണെന്ന വാദത്തിൽ പാർട്ടി ഉറച്ചു നിൽക്കുകയാണ്. കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയുള്ള കോടതി വിധിയ്ക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ സിപിഐഎം നേതൃത്വം. അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്നമല്ലെനന്നായിരുന്നു പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ എംഎൽഎ കെവി കുഞ്ഞിരാമന് വിധിക്ക് പിന്നാലെ പ്രതികരിച്ചത്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കെവി കുഞ്ഞിരാമന് പറഞ്ഞിരുന്നു. പെരിയ ഇരട്ടക്കൊലക്കേസില്‍ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവുമാണ് വിധിച്ചത്.