ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ജനങ്ങൾക്ക് ബിജെപിയോടുള്ള ഭയം ഇല്ലാതായെന്ന് രാഹുൽഗാന്ധി യുഎസിൽ. ഇന്ത്യ ഒരു ആശയം മാത്രമാണെന്ന് ആണ് ആർഎസ്എസ് വിശ്വസിക്കുന്നത്. എന്നാൽ തങ്ങൾ ഇന്ത്യയെ ആശയങ്ങളുടെ ബഹുസ്വരമായാണ് കാണുന്നത് എന്നായിരുന്നു ടെക്സസിലെ ഡാലസിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞത്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇതിനിടെ ആർഎസ്എസിനെതിരായ പരാമർശം രാഷ്ട്രീയ വാഗ്വാദങ്ങളിലേക്ക് വഴിവച്ചു. രാഹുലിന് മറുപടിയുമായി ബിജെപി രംഗത്തുവന്നു. ഒരു രാജ്യദ്രോഹിക്ക് ആർഎസ്എസിനെ അറിയാൻ കഴിയില്ലെന്നും ആർഎസ്എസ് പിറവിയെടുത്തത് ഇന്ത്യയുടെ മൂല്യങ്ങളിൽ നിന്നുമാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രതികരിച്ചു. രാഹുൽ ഗാന്ധി ശത്രുരാജ്യമായ ചൈനയെ പുകഴ്ത്തുകയാണെന്നും ബിജെപിയും ആരോപിച്ചു.