Kerala News Today-കൊച്ചി: ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിൽ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചു.
കേസിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണാവശ്യം. സംസ്ഥാന പോലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണ് ഹർജി.
ഹർജി തിങ്കളാഴ്ച പരിഗണിക്കും. ഡിജിപി അനുമതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അഡ്വ. സൈബിക്കെതിരെ കേസെടുത്തത്.
കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചേയ്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി തിങ്കളാഴ്ച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിൻ്റെ ബെഞ്ച് പരിഗണിക്കും. ജഡ്ജിമാര്‍ക്ക് നല്‍കാനായി അഭിഭാഷകന്‍ കക്ഷികളില്‍ നിന്ന് വന്‍ തുക വാങ്ങിയെന്ന കേസില്‍ പോലീസിൻ്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ പണം കൊടുത്തതായി കക്ഷികളാരും പറഞ്ഞിട്ടില്ലെന്നും അഴിമതി നിരോധന നിയമം വകുപ്പ് 7(എ), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
കേസില്‍ പരാതിക്കാരോ തെളിവുകളോ ഒന്നുമില്ലെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
പോലീസ് കമ്മീഷണര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലും കക്ഷികളാരും പണം കൊടുത്തതായി മൊഴി നല്‍കിയിട്ടില്ല. അതിനാല്‍ എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ബുധനാഴ്ച വൈകീട്ടാണ് പോലീസ് എഫ്‌ഐആര്‍ എടുത്തത്. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
Kerala News Today