Entertainment News-ചെന്നൈ: നാടൻ കലാകാരനും നടനുമായ നെല്ലൈ തങ്കരാജ് അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളേ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മാരി സെൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് ശ്രദ്ധേയനാവുന്നത്.
ഇന്ത്യൻ സാമൂഹിക പരിസരങ്ങളിൽ നൂറ്റാണ്ടുകളായി തുടരുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെ പ്രമേയമാക്കിയ ചിത്രമായിരുന്നു പരിയേറും പെരുമാൾ.
ചിത്രത്തിൽ പ്രേക്ഷകർ കൈയ്യടിച്ച പ്രകടനമായിരുന്നു തങ്കരാജിന്റേത്. ഉപജീവനം നടത്താൻ തെരുവിൽ സ്ത്രീ വേഷത്തിൽ ആടുന്ന, നായകൻ്റെ അച്ഛൻ കഥാപാത്രമായിരുന്നു തങ്കരാജിന്റേത്.
ചിത്രത്തിലെ നടൻ്റെ ശാരീരിക ചലനങ്ങളും സംഭാഷണങ്ങളും കഥാപാത്രത്തിൻ്റെ നട്ടെല്ലായിരുന്നു. മറ്റ് സിനിമകളിൽ അഭിനയിച്ചിട്ടില്ല.
മാരി സെൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ തിയേറ്ററിന് പുറത്തും പ്രേക്ഷകരെ അസ്വസ്തമാക്കുന്ന അനുഭവമായിരുന്നു.
സംവിധായകൻ പാ രഞ്ജിത്ത് ചിത്രത്തിൽ നിർമ്മാണ പങ്കാളിയാണ്. തിരുന്നൽവേലി ജില്ലയിലെ പാളയങ്കോട്ടൈ ആണ് തങ്കരാജിൻ്റെ ജന്മസ്ഥലം. വൈദ്യുതിയില്ലാതെ കുടിലിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിൻ്റെ കുടുംബത്തിന് പരിയേറും പെരുമാളിന് ശേഷം സർക്കാർ വീട് വച്ച് നൽകിയിരുന്നു.
Entertainment News