Kerala News Today-കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.
കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ തൻ്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താന്‍ ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി, ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
ചാലക്കുടി മണ്ഡലത്തെയാണ് ഇന്നസെന്‍റ് ലോക്സഭയിൽ പ്രതിനീകരിച്ചത്. 2014ൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം കോൺഗ്രസിലെ പി സി ചാക്കോയെയാണ് പരാജയപ്പെടുത്തിയത്. 2019ൽ വീണ്ടും ജനവിധി തേടിയെങ്കിലും ബെന്നി ബെഹനാനോട് പരാജയപ്പെട്ടു. 1972-ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിൻ്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്‍പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്‍പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി.
മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചമഴവിൽ കാവടി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. 2022ൽ പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. ഇന്നസെന്‍റിന്‍റെ ആത്മകഥ ചിരിക്കു പിന്നിൽ എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഞാൻ ഇന്നസെന്‍റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.
Kerala News Today