ACCIDENT NEWS -തിരുവനന്തപുരം : വര്‍ക്കലയില്‍ മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച 10 വയസുകാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു.
കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മര്‍ഹാന്‍(10) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 5 മണിയോടെ വര്‍ക്കല ആയുര്‍വേദ ആശുപത്രിക്ക് സമീപം അണ്ടര്‍ പാസേജ് തുടങ്ങുന്ന സ്ഥലത്താണ് അപകടം.
വര്‍ക്കല ഭാഗത്തേയ്ക്ക് വരികയായിരുന്ന ഗോകുലം എന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം.
ബസ്സ് സ്‌കൂട്ടറില്‍ ഇടിക്കുകയും മാതാവും സ്‌കൂട്ടറും റോഡിന്റെ ഇടത് ഭാഗത്തേയ്ക്ക് വീഴുകയും മര്‍ഹാന്‍ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു.
മര്‍ഹാന്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ചുപോവുകയും തലയിലൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മര്‍ഹാനെ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് താഹിറയ്ക്ക് കാര്യമായ പരിക്കുകളില്ല.അപകടം നടന്നയുടന്‍ ബസ് ഉപേക്ഷിച്ച് ജീവനക്കാര്‍ ഇറങ്ങിയോടി. ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.കല്ലമ്പലം തലവിള പേരൂര്‍ എംഎംയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മര്‍ഹാന്‍. ഹാദിയാമറിയം, മുഹമ്മദ് ഹനാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.