Kerala News Today-തൃശ്ശൂർ: തൃശ്ശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. 10 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ചെമ്പൂക്കാവ്-പെരിങ്ങാവ് റോഡിലെ ഓസ്കാർ ഇവന്റ് മാനേജ്മെന്റിൻ്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. തീപടർന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികൾ വെന്തുമരിച്ചു. തീ പിടുത്തത്തോടെ രണ്ട് കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഇവന്റ് മാനേജ്മെന്റ് ഉടമ ഷംസുദ്ദീന്‍ പറഞ്ഞു. സ്ഥാപനത്തിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഫയര്‍മാന്‍ കുഴഞ്ഞുവീണു. കുന്നംകുളം ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗോഡൗണിനോട് ചേര്‍ന്നുള്ള പൊന്തകാട്ടില്‍ പ്രദേശ വാസികള്‍ മാലിന്യം നിക്ഷേപിക്കുകയും അത് കത്തിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാവാം തീ കമ്പനിയിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. പ്രദേശത്താകെ വലിയ രീതിയില്‍ പുക വ്യാപിച്ചിട്ടുണ്ട്. പോലീസും അഗ്നിശമന സേനയുടെ ഒപ്പം തീയണയ്ക്കാന്‍ പരിശ്രമിക്കുകയാണ്. കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ടപ്പോള്‍ തന്നെ കെട്ടിടത്തിന് സമീപത്തുള്ള വഴിയിലൂടെ വാഹനങ്ങള്‍ പോകുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. അലങ്കാരത്തിനുള്ള പ്ലൈവുഡ് സാധനങ്ങളാണ് വളരെ പെട്ടെന്ന് തീപിടിച്ചത്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
Kerala News Today