Verification: ce991c98f858ff30

വൈക്കത്ത് മദ്യലഹരിയിൽ ഗൃഹനാഥൻ സ്വന്തം വീടിന് തീയിട്ടു

Kerala News Today-കോട്ടയം: വൈക്കത്ത് മദ്യലഹരിയിൽ ഗൃഹനാഥൻ രാത്രി സ്വന്തം വീടിന് തീയിട്ടു. വൈക്കം മറവൻതുരുത്ത് പഞ്ഞിപ്പാലത്ത് നാരായണ ഭവനിൽ രാജീവാണ് മദ്യ ലഹരിയിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ സ്വന്തം വീട് കത്തിച്ചത്.
ഈ സമയം ഭാര്യയും മൂന്ന് മക്കളും അയൽ വീട്ടിലായിരുന്നു.
കത്തിക്കരിഞ്ഞ ഒരു മുറിയിൽ നിന്നും പുകയും മറ്റുമേറ്റ് അവശനിലയിലായിരുന്ന ഗൃഹനാഥനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓടും ആസ്‌ബറ്റോസ് ഷീറ്റും മേഞ്ഞ വീട് പൂർണമായി കത്തി നശിച്ചു.
കുടുംബാംഗങ്ങളുടെ വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ സർട്ടിഫിക്കറ്റുകൾ, വീട്ടുപകരങ്ങൾ തുടങ്ങി ഏതാണ്ടെല്ലാം കത്തി നശിച്ചു. മദ്യപിച്ചെത്തി ചൊവ്വാഴ്ച രാവിലെ മുതൽ രാജീവ് ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കുകയായിരുന്നു.
ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനാൽ അവരെ അയൽക്കാർ രാത്രി തന്നെ സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു.

ഇക്കാര്യം അറിയാതെ വീണ്ടും മദ്യപിച്ചെത്തിയ രാജീവ് ഭാര്യയും മക്കളും കിടക്കുന്ന മുറിയിൽ പുലർച്ചെ തീയിട്ടശേഷം മറ്റൊരുമുറിയിൽ കിടന്നുറങ്ങി.
വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപ വാസികൾ ഓടിയെത്തി വീടിൻ്റെ ജനൽ ചില്ല് തകർത്ത് നോക്കിയപ്പോൾ രാജീവിനെ കത്തിക്കൊണ്ടിരിക്കുന്ന മുറിയിലെകട്ടിലിൽ ബോധരഹിതനായി കണ്ടു.
വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച രാജീവിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പ്രദേശവാസികളായ സുനിൽ, മനോജ്, പ്രസന്നൻ എന്നിവർക്ക് നിസാര പരിക്കേറ്റു.

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.