KERALA NEWS TODAY – ഇടുക്കി : ഇടുക്കി കുമളിയ്‌ക്കടുത്ത് അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച അമ്മ അറസ്റ്റിൽ.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അമ്മയ്‌ക്കെതിരെ കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി മുൻപാകെ ഹാജരാക്കും.
കുട്ടിയുടെ ഇരുകൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചു. കണ്ണിൽ മുളകു പൊടി തേച്ചതായും പറയുന്നു.
സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അങ്കണവാടി ടീച്ചറെയും വിവരമറിയിച്ചതോടെ ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിഞ്ഞത്.
ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് അമ്മക്കെതിരെ പോലീസ് കേസെടുത്തത്.
നേരത്തെയും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറയുന്നു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്.
എന്നാൽ കുട്ടിയുടെ കൃസൃതി സഹിക്കാൻ വയ്യാതെ ചെയ്തുപോയതാണെന്നാണ് അമ്മയുടെ മൊഴി. നിലവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കുമളി പോലീസ് അറിയിച്ചു.