Kerala News Today-മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിൻ്റെ കൊമ്പും കൊണ്ടാണ് ആക്രമിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. 12 മണി മുതൽ 2.30 വരെ ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നുവെന്നാണ് വിവരം. കൈ കെട്ടിയിട്ടാണ് മർദ്ദനം. ഉപദ്രവിച്ച ശേഷം ദൃശ്യങ്ങളും ഫോട്ടോയും പകർത്തി. ഇത് പ്രതികൾ ഡിലീറ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രണ്ടുദിവസം മുന്‍പാണ് ജോലിക്കായി രാജേഷ് മാഞ്ചി കിഴിശ്ശേരിയില്‍ എത്തിയത്. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ മാറി വീട്ടില്‍ നിന്നാണ് അവശനായ നിലയില്‍ യുവാവിനെ കണ്ടത്. പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായും എസ് പി പറഞ്ഞു.
പ്രതികളായവരുടെ ഫോണില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ ഉപദ്രവിച്ച് അവശനാക്കിയ ശേഷം രാജേഷിൻ്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിൻ്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മറ്റു തെളിവുകളും ശേഖരിച്ചിട്ടുണ്ട്. മരത്തിൻ്റെ കൊമ്പും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എസ് പി പറഞ്ഞു. മണിക്കൂറുകളോളം മര്‍ദ്ദിച്ചിട്ടും പോലീസിനെ അറിയിച്ചില്ല. ഒടുവില്‍ വിവരം അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.
മോഷണശ്രമത്തിൻ്റെ ഭാഗമായാണ് രാജേഷ് അവിടെ എത്തിയത് എന്നാണ് പ്രാഥമിക നിഗമനം. എത്താനുള്ള സാഹചര്യം കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. കൈ പുറകില്‍ കെട്ടിയിട്ടാണ് ഇങ്ങനെ മര്‍ദ്ദിച്ചത്. കൂടാതെ മര്‍ദ്ദിച്ച് അവശനാക്കിയ രാജേഷിനെ പ്രതികള്‍ ചേര്‍ന്ന് വലിച്ചിഴച്ചതായും പോലീസ് പറയുന്നു. തെളിവ് നശിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നതെന്നും എസ് പി പറഞ്ഞു.
Kerala News Today