KERALA NEWS TODAY – തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങൾ തടയാനും നഷ്ടപരിഹാരത്തിനുമായി ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
വന്യമൃഗങ്ങൾ വനാതിർത്തി കടന്ന് കിലോമീറ്ററുകൾ അകലെയുള്ള പട്ടണങ്ങളിലേക്ക് എത്തുന്ന വാർത്തകൾ കേരളത്തിൽ വർധിക്കുകയാണ്.
കാട്ടുപന്നി, മുള്ളൻപന്നി, ആന, കടുവ എന്നിവ ഉയർത്തുന്ന ഭീഷണി ഗൗരവതരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം തന്നെ മനുഷ്യജീവനും ഉപജീവനമാർഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
വന്യജീവി ആക്രമണങ്ങൾ കാരണമുണ്ടാകുമെന്ന നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനും റാപ്പിഡ് ആക്ഷൻ ടീമുകൾ ശക്തിപ്പെടുത്തുന്നതിനുമായി പദ്ധതി തുകയായ 30.85 കോടി ഉൾപ്പെടെ ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
വനം വന്യജീവി മേഖലയിലെ വിവിധ പദ്ധതികൾക്കായി നബാർഡ് വായ്പ ഉൾപ്പെടെ 241.66 കോടി രൂപ അനുവദിച്ചു.
വനസംരക്ഷണ പദ്ധതിക്കായി 25 കോടിയും ഇക്കോടൂറിസം പദ്ധതിക്ക് ഏഴുകോടി രൂപയും സംസ്ഥാനത്തെ 16 വന്യജീവി കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് 4.76 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.