CRIME-മട്ടന്നൂര്‍ : പതിനഞ്ചുകാരിയെ മദ്യംനല്‍കി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവിനെ ജീവപര്യന്തം തടവിനും 1,57,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂര്‍ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു.
കൂടാതെ വിവിധ വകുപ്പുകളില്‍ 43 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.
കൂട്ടുനിന്ന രണ്ടാനമ്മയുടെ മാതാവിന് 48 വര്‍ഷം തടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പീഡനം നടന്നത് മറച്ചുവെച്ച കുട്ടിയുടെ രണ്ടാനമ്മയ്ക്ക് കോടതി കഴിയുംവരെ തടവും 5000 രൂപ പിഴ അടയ്ക്കാനും മട്ടന്നൂര്‍ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചു.
2019-ല്‍ കരിക്കോട്ടക്കരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.
കുട്ടിയെ വീട്ടില്‍വെച്ച് രണ്ടാനമ്മയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.
പിഴത്തുകയില്‍ 2,50,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം.
കരിക്കോട്ടക്കരി എസ്.ഐ. ശിവന്‍ ചോടോത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി. ഷീന ഹാജരായി.